2009, ഓഗസ്റ്റ് 9, ഞായറാഴ്‌ച

സമ്മാനം...

എൻ പിറവി മുതൽ അന്ത്യയാത്ര വരെ………..
കൊതിച്ചിടാതെനിക്കു ലഭിച്ചൊരാ സൌഭാഗ്യങ്ങളെ,
സമ്മാനമായി എനിക്കേകിയൊരാ അദൃശ്യ കരങ്ങളേ….
നിങ്ങൾക്കേകുന്നു എൻ ജീവാമൃതത്തിൽ കുതിർന്നൊരായിരം
പ്രണാമങ്ങൾ…….

സ്വർഗ്ഗദൂതരെപ്പോൽ പാടിപ്പറന്നു നടക്കും കിളികളും,
ഭൂമിക്കു പട്ടുടയാട ചാർത്തി നിൽക്കും പുഷ്പവാടികളും,
നിറഞ്ഞു നിൽക്കുമീ സുന്ദര സൌധത്തിൽ പിറന്നു വീഴാൻ
ലഭിച്ചൊരവസരമാണെന്റെ സൗഭാഗ്യം.

കപടബന്ധങ്ങളും വഞ്ചനാ സ്നേഹവും അരങ്ങുവാഴുമീ..
മരീചികയാം സമൂഹത്തിൻ കൂരിരുൾപ്പടർപ്പിൽ
നിർലോഭ സ്നേഹം ചൊരിഞ്ഞെന്നെ സംരക്ഷിച്ചൊരാ
അമ്മ തൻ മാതൃത്വ കവചമാണെൻ ജീവസൗഭാഗ്യം.

വർഷങ്ങൾ മാറിമറിഞ്ഞതും, ൠതുക്കൾ പെയ്തൊഴിഞ്ഞതും,
പിന്നെയെല്ലാ മാറ്റത്തിനും മൂകസാക്ഷിയായ് നിൽക്കുമാ,
കിളിച്ചുണ്ടൻ മാഞ്ചുവട്ടിൽ വച്ചൊരിത്തിരി നാണത്തിൻ കുങ്കുമ-
മണിഞ്ഞവളെനിക്കേകിയ ചെറുമുത്തമാം സമ്മാനവും…

പിന്നെ ബാല്യത്തിൻ ചാപല്യം കടന്നു കൗമാരവും യൗവ്വനവും
പൂത്തുലഞ്ഞൊരാ ദിനങ്ങളിൽ പലതുമെൻ സൗഭാഗ്യങ്ങളായ്
മാറിയതും ഒടുവിൽ, വിരഹമെന്ന കനൽക്കട്ട
സമ്മാനമായി നൽകിയവൾ മറഞ്ഞതെൻ നിർഭാഗ്യമോ?...

സൗഹൃദത്തിന്റേ, നിസ്വാർത്ഥ സ്നേഹത്തിന്റേ നാൾവഴികളിൽ
അവളെനിക്കേകിയ പിറന്നാൾ സമ്മാനങ്ങളും,
ചിരിച്ചും കളിച്ചും പരസ്പരമൊരു താങ്ങായി, തീർന്നൊരെൻ
ആത്മ മിത്രങ്ങളാണെൻ പുതു സമ്മാനങ്ങൾ.

ദാമ്പത്യമെന്ന മഹാസാഗരത്തിൻ മുത്തുകളും ചുഴികളും,
സ്വപ്നങ്ങളായ് മാറിയൊരാ യൗവന തുടിപ്പുകൾക്കിടയിൽ
വിലപ്പെട്ടൊരാ വരും വർഷങ്ങൾ മാത്രമെന്തേ മടിച്ചു നിന്നൂ..
എനിക്കായ് ഒരു ചെറു സമ്മാനപ്പൊതി ഒരുക്കിടാൻ……

ഒടുവിലീ സുന്ദരലോകത്തു നിന്നും വിടവാങ്ങി പിരിയുമാ വേളയിൽ,
എന്നും സമ്മാനങ്ങൾ കൊതിച്ചോരെനിക്കായ് വിധി
മാറ്റി വച്ചൊരാ ചുടുകണ്ണീരിൽ കുതിർന്ന കോടിമുണ്ടും
ഒരു കൊച്ചു സമ്മാനമായ്… എന്റെ അന്ത്യ സമ്മാനം……….

..

2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച

ഓര്‍മ്മകളില്‍ ഒരു നിമിഷം

കാലത്തിന്റെ കുത്തൊഴുക്കിൽ‌പ്പെട്ടു പലവഴികളിൽ കൂടി ജീവിതലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രതിബന്ധങ്ങൾ തട്ടി മാറ്റി മുന്നോട്ടു കുതിക്കുമ്പോഴും , പിറന്നുവീണ നാടിനെക്കുറിച്ചോ ബാല്യകാല ചാപല്യങ്ങളെക്കുറിച്ചോ മറക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു നിമിഷം എല്ലാ ദുഃഖങ്ങളും മറന്നു വസന്തം പൂവിട്ടു നിന്ന ആ ബാല്യകാലത്തിലേക്കു ഞാനൊന്നു എത്തി നോക്കട്ടെ!

“തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴുകൈയാൽ വിരിയണ മലനാട്………..”

പുലർകാല മഞ്ഞിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ , പൂവിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികളിൽ ഒളിച്ചിരുന്നു പുഞ്ചിരി പൊഴിക്കുന്ന സൂര്യൻ , പൂക്കളിൽ തേൻ കുടിക്കാൻ തിരക്കു കൂട്ടുന്ന കൊച്ചു തുമ്പികൾ , അവയ്ക്കു പിന്നാ‍ലെ ഓടി നടക്കുന്ന ഞാനും രാധയും, ഹായ് എന്തു രസം..!!
അനിർവചനീയമായ ആ സുന്ദര നിമിഷങ്ങളിൽ മുങ്ങാംകുഴിയിട്ടു എല്ലാം മറന്നു വർണ്ണത്തുമ്പികളെപ്പോലെ പാറി നടക്കുന്ന ഞങ്ങൾ…………

“ഉണരുണരൂ ഉണ്ണിപ്പൂവേ…….”

എന്റെ ബാ‍ല്യകാല സഖിയായിരുന്നു രാധ. ഞങ്ങൾ കളിച്ചും ചിരിച്ചും തമാശകൾ പറഞ്ഞും അന്യോന്യം കുറുമ്പുകാട്ടിയും ആ നദിക്കരയിൽ കൂടി നടക്കുമായിരുന്നു. അന്നൊക്കെ ഞങ്ങൾക്കൊപ്പം കളിതമാശ പറഞ്ഞും കൊഞ്ചിക്കുഴഞ്ഞും കുസൃതിച്ചിരിയുമായി അവളും ഉണ്ടായിരുന്നു. എന്നും. വർഷകാലത്തു കലിതുള്ളി മറിഞ്ഞു കൈയെത്തുന്നതെന്തും തന്നോടൊപ്പം വാരിയെടുത്തും കൊണ്ടൊഴുകിയിരുന്ന അവളെ ഞങ്ങൾ കളിയാക്കി പാടുമായിരുന്നു…..

“പൂന്തേനരുവീ….. പൊന്മുടിപ്പുഴയുടെ അനുജത്തീ…
നമുക്കൊരേ പ്രായം, നമുക്കൊരേ മോഹം, നമുക്കൊരേ ദാഹം……”

അതു കേൾക്കുമ്പോൾ ഒരു കുസൃതിച്ചിരിയോടെ ഞങ്ങളെ തിരിഞ്ഞു നോക്കി, വീണ്ടും തന്റെ രൗദ്രതയുമായി അവൾ മദിച്ചൊഴുകുന്നതു കണ്ട് ഞങ്ങൾ കൈകൊട്ടിച്ചിരിക്കുമായിരുന്നു.
എത്ര വേഗത്തിലാണു കാലചക്രം തിരിയുന്നത്, ബാല്യം എങ്ങൊ പോയ് മറഞ്ഞു. സുന്ദര സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന കൗമാരപ്രായം. പഴയ പോലെ എന്റെ രാധയൊത്ത് കളിപറഞ്ഞും പിണങ്ങിയും കൈകോർത്തു നടക്കാനാവാതെ സമൂഹം തീർത്ത മതിൽക്കെട്ടുകൾ ചാടിക്കടക്കുവാൻ കഴിയാതെ നിസ്സഹായതയുടെ വീർപ്പുമുട്ടുനിറഞ്ഞ നാളുകൾ, ഞാൻ അറിയാതെ തന്നെ ഈ വീർപ്പുമുട്ടൽ എന്നിൽ അനുരാഗത്തിന്റെ വിത്തുകൾ പാകിയിരുന്നു. അവളെക്കുറിച്ചുള്ള ഒരോ ഒർമ്മയും എന്നിൽ ഉന്മാദത്തിന്റെ ഒരായിരം വർണ്ണങ്ങൽ വിരിയിച്ചിരുന്നു. നിദ്രാവിഹീനങ്ങളായ രാവുകളിൽ ആകാശത്തേക്കു കണ്ണും നട്ടു താരകറാണിമാരോട് എന്റെ പ്രിയയെപ്പറ്റി കുശലം പറഞ്ഞു നദിക്കരയിൽ കിടക്കുമ്പോൾ എങ്ങു നിന്നോ ഒരു സുന്ദര ഗാനത്തിന്റെ ഈരടികൾ എന്നെ തേടിവരുന്നതു പോലെ……..

“ഉണരൂ വേഗം നീ…. സുമറാണീ….. വന്നൂ നായകൻ
പ്രേമത്തിൻ മുരളീഗായകൻ………..”

സ്വപ്നങ്ങൾ വെറും ജലരേഖകൾ മാത്രമായിരുന്നു എന്നു വളരെ വൈകിയാണു മനസ്സിലായതു. അതെ അവസാനം അതു തന്നെ സംഭവിച്ചു !!! ഞാൻ എന്റേതു മാത്രമെന്നു കരുതിയിരുന്ന, എന്റെ കളിത്തോഴി രാധയെ പണവും പ്രതാപവും അങ്ങു തലസ്ഥാന നഗരിയിൽ ജോലിയുമുള്ള ഒരു യുവ കോമളൻ താലികെട്ടി കൊണ്ടുപോയി. രാധയുടെ വേർപാടു എന്റെ മനസ്സിനെ കുറച്ചൊന്നുമല്ല പിടിച്ചുലച്ചത്. ഊഷരമായ മനസ്സിനെ സ്വാന്തനിപ്പിക്കാനാവാതെ, ലക്ഷ്യബോധമില്ലാത്തവനെപ്പോലെ ഞാൻ അലഞ്ഞു തിരിഞ്ഞു. അപ്പോഴും എന്റെ മനസ്സു നിറയെ രാധയുടെ പുഞ്ചിരിക്കുന്ന മുഖം മാത്രമായിരുന്നു. വേദനകളൊരുപാടു നൽകിയാണവൾ പോയതെങ്കിലും… അവളെ ഒരു നോക്കു കാണാൻ കഴിഞ്ഞെങ്കിൽ, ഒന്നുരിയാടാൻ പറ്റിയെങ്കിൽ…!!!!!!

“ഒരിക്കൽ മാത്രം വിളികേൾക്കുമോ……..
ഒരിക്കൽ മാത്രം………. ഒരിക്കൽ…. മാ…ത്രം.........”

എന്റെ രാധയുടെ വേർപാട് തങ്ങാനാവാതെ തളർന്ന ഞാൻ ഒടുവിലൊരു ഒളിച്ചോട്ടത്തിനായി തിരഞ്ഞെടുത്തത് ഈ മണലാരണ്യമായിരുന്നു.
ഒടുവിൽ വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ എനിക്കു നാടും നാട്ടുകാരും എല്ലാം അന്യമായിത്തീർന്നിരുന്നു. പച്ചപ്പട്ടുടയാട ചാർത്തി ഇളംകാറ്റിൽ ഉന്മാദ നൃത്തം ചവിട്ടുന്ന വയലേലകളോ, കാക്കപ്പൂക്കൾ പരവതാനി വിരിച്ച നെൽ‌പ്പാടങ്ങളോ, പുന്നെല്ലിന്റെ മണമേറ്റു പുളകമണിയുന്ന പത്തായങ്ങളോ എവിറ്റേയും കാണാനില്ല. ബാക്കിയായതു വിജനമായ അമ്പലമുറ്റവും ആളൊഴിഞ്ഞ അരയാൽത്തറയും പൊട്ടിപ്പൊളിഞ്ഞ കുളക്കടവും ……..
എന്റെ രാധ, എന്റേതു മാത്രമായിത്തീർന്ന ആ പഴയ പുഴക്കരയിൽ നിൽക്കുമ്പോൾ എന്റെ മനസ്സിൽ പലതും മിന്നി മറഞ്ഞു. മനസ്സിലെ കണ്ണീരുറവ വറ്റിയ പോലെ, എന്റെ പ്രണയത്തിൻ മൂകസാക്ഷി, അവളിന്ന് വളരെ ക്ഷീണിച്ചിരിക്കുന്നു. ആ പുഴയോരത്തു മലർന്നു കിടന്നപ്പോൾ എന്റെ നഷ്ടപ്രണയത്തിലെ നായികയ്ക്ക് വേണ്ടി, എന്റെ രാധയ്ക്കു വേണ്ടി എന്റെ മനസ്സു വെമ്പുകയായിരുന്നു.

“കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി, കൂടെവിടെ….?”

എല്ലാം സഹിക്കാനും മറക്കാനുമുള്ള മനക്കരുത്തു തരണമേ എന്നു ആ‍ളൊഴിഞ്ഞ അമ്പലനടയിൽ നിന്ന് കൈ കൂപ്പി പ്രാ‍ർത്ഥിച്ചുകൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ അകലങ്ങളിൽ എങ്ങു നിന്നോ ഒരു ഏകാന്ത കാമുകന്റെ വിരഹാർത്തമായ ഗാനം കാറ്റിൽ അലിഞ്ഞില്ലാതാവുകയായിരുന്നു.

“സുമംഗലീ നീ ഓർമ്മിക്കുമോ....
സ്വപ്നത്തിലെങ്കിലും ഈ ഗാനം……….”

2009, ജൂലൈ 31, വെള്ളിയാഴ്‌ച

ഒരു ഗൾഫ് പ്രഭാതം....


പതിവുപോലെ അന്നും സൂര്യന്‍ കിഴക്ക് തന്നെ ഉദിച്ചത് കാരണം ഞാന്‍ ഉറക്കം ഉണരുമ്പോഴേക്കും നേരം വല്ലാതെ പുലര്‍ന്നിരുന്നു. ഞാന്‍ ഉണര്‍ന്നു കഴിഞ്ഞപ്പോഴേക്കും പാര്‍ട്ടി സമ്മേളനം കഴിഞ്ഞ പുത്തരിക്കണ്ടം മൈതാനം പോലെ റൂം ഒഴിഞ്ഞു കഴിഞ്ഞിരുന്നു . മനസ്സില്ല മനസ്സോടെയാണെന്കിലും ഞാന്‍ പല്ലു തേപ്പും കുളിയും ഒരുവിധം കഴിച്ചുകൂട്ടി. ഡ്രെസ്സ് ചെയ് തു വന്നു ചായകുടിക്കാന്‍ നോക്കിയപ്പോള്‍ കണ്ട കാഴ്ച ..!!!! ഹൊ ..! അതെങ്ങനെ ഞാന്‍ പുറത്തുപറയും. വല്ലവനും ഏതാണ്ട് നേര്‍ച്ച പോലെ എനിക്കായ് ഉണ്ടാക്കി വച്ച അര ഗ്ലാസ് ചായ (അങ്ങിനെ പറയാമോ എന്നറിയില്ല , ഏതായാലും ഏതാണ്ടതു പോലൊക്കെ തന്നെയുള്ള )യില്‍ ഒരു കള്ള പിണ......യി മോന്‍ കിടന്നു സ്വിമ്മിംഗ് പഠിക്കുന്നു . അതുകണ്ടു കൊണ്ടു ഗ്ലാസ്സിന്റെ വക്കിലിരുന്നൊരുത്തന്‍ കൈ അടിച്ചു വിസില് വിളിക്കുന്നു . അതുകണ്ടു കലിപ്പ് വന്ന ഞാന്‍ മുന്നാറിലെത്തിയ മുഖ്യനെപ്പോലെ കൈയില്‍ കിട്ടിയ എന്തോ എടുത്തു അവന്റെ മോന്ത നോക്കി ഒരു വീക്കു കൊടുത്തു . ഭാഗ്യം!! ചായ മറഞ്ഞാലെന്ത് അവനൊന്നും പറ്റിയില്ലല്ലോ? കഷ്ടം പൃഷ്ടം കുലുക്കി എന്നെ നോക്കി കളിയാക്കിയിട്ടവൻ പറന്നു പോയി . 1-)o തീയ്യതി അടിച്ചു വാളുവയ്ക്കാൻ കഷ്ടപ്പെട്ടു സംഘടിപ്പിച്ച ഒരു ഫുൾ ബോട്ടിൽ ഫോറിൻ വിസ്കി കാലത്തെഴുന്നേറ്റു കുടിക്കാനെടുത്തപ്പോൾ കൈയ്യീന്നു താഴെപ്പോയവനെപ്പോലെ ഇനിയെന്ത് എന്നു കരുതി ആ നശിച്ച ഈച്ചയേയും പ്രാകി ഇനി വല്ലതും കഴിക്കാൻ കിട്ടുമോ എന്നു നോക്കി അടുക്കളയിലെത്തിയ ഞാൻ നിരാശനായി. ഒടുവിൽ ഈ ലോകത്തെ സോഷ്യലിസത്തിന്റെ ഉദാത്തവും ഉത്തമോദാഹരണവും സർവ്വോപരി നമ്മുടെ ഗൾഫ് മലയാളികളുടെ ദേശീയ ഭക്ഷണവുമായ “കുബ്ബൂസ്സിനെ” മിനിഞ്ഞാന്നത്തെ മീൻ‌കറിയുടെ സഹായത്തോടെ ബലാത്സംഗം ചെയ്തു നിർവൃതിയോടെ ഞാൻ വെൽഡ്രസ്സ്ഡായി അന്നത്തെ ജോലി തെണ്ടലിനായി പുറത്തേക്കിറങ്ങി.........


തുടരും........

..

2009, ജൂലൈ 28, ചൊവ്വാഴ്ച

ഒരു പ്രേമാർച്ചന

എഴുതാം ഞാൻ ഒരു കവിത,
പ്രിയേ, നിൻ സ്നേഹരാഗത്തിൻ കവിത,

നിന്നെക്കുറിച്ചോർക്കുമ്പോൾ,
നിൻ നാമം ചൊല്ലുമ്പോൾ
അറിയാതെ പടരുന്നെൻ നെഞ്ചി-
ലൊരായിരം കനൽക്കട്ടകൾ.

നമുക്കായ് എന്നും വാത്സല്യത്തിൻ രുചിയൂറും
മാമ്പഴം പൊഴിച്ചൊരാ മൂവാണ്ടൻ മുത്തശ്ശൻ
ഇന്നെനിക്കൊപ്പം തിരയുന്നിതോ, നിന്റെ കാൽ‌പ്പാടുകൾ,
ഒടുവിലൊരു ദീർഘനിശ്ശ്വാസത്തിലൊതുക്കി വച്ചുവോ ആ നഷ്ട നൊമ്പരം…

നിൻ കളിത്തോഴിയാം തുമ്പ തൻ കൈയിലൂർന്നു വരുമാ ചെറു-
മഞ്ഞുതുള്ളികൾ ഇന്നും പുഞ്ചിരിക്കാൻ മറന്നു പോകയോ?
നിൻ ആത്മസാമിപ്യമേറുമെൻ ആരാമത്തിലെന്തേ..
വിരുന്നു വരാൻ മടിക്കുന്നതെന്തേ ഋതുവും ശിശിരവും

കരയാം കാമുകിയെ, ഒന്നു മാറോടു ചേർക്കാൻ
ആയിരം കൈകളാൽ ആർത്തലച്ചെത്തിയിട്ടൊടുവിൽ
നിരാശതൻ കദന ഭാരവും പേറി,
തലതാഴ്ത്തി മടങ്ങും തിരമാലകളെപ്പോലെ,

നിന്നെ പുൽകാൻ വെമ്പുന്ന മനസ്സിനെ
കൊതിപ്പിച്ചു മറയുന്നു നിന്നോർമ്മതൻ നിഴൽചിത്രം.
നീ ഇന്നൊരോർമ്മമാത്രമാണെന്ന സത്യം,
അറിഞ്ഞിട്ടുമെന്തേ കൊതിക്കുന്നെൻ ഹൃദയം

കുറ്റബോധത്തിൻ ചുടുകാട്ടിലിട്ടെരിച്ചെന്റെ ജീവനെ
നിന്നിലലിഞ്ഞിടാൻ വെമ്പി നിൽക്കുന്നു ഞാനോമലേ
ഇനിയെന്നും നിന്റെ നിഴലായി മാറുവാ‍ൻ, നിൻ ശബ്ദമായി
അലയുവാൻ, വെടിയുന്നു ഞാനിന്നു പഴന്തുണിയാം എൻ ദേഹിയേ……


.............

2009, ജൂലൈ 23, വ്യാഴാഴ്‌ച

ഒരു ക്ഷമാപണം

മാപ്പ് നൽകൂ നീ എൻ പ്രിയേ…..
നിന്റെ മനസ്സിന്റെ മോഹത്തിൻ ചില്ലു പാത്രം
മറവിതൻ മുഖം മൂടിയാൽ കളങ്കിതമാക്കിയെങ്കിലും
ക്ഷമിക്കൂ നീ, അവിവേകിയാം നിന്റെ ഈ പ്രിയനോട്;

ചിത്രശലഭങ്ങൾ നൃത്തം വയ്ക്കുമാ ആരാമത്തിൽ
നിനയ്ക്കായ് പൂക്കളം ഒരുക്കീടുവാനിന്നും ഞാൻ മറന്നുപോയ്
നിൻ കൈകളിൽ ചർത്തുവാൻ ഇന്നും മറന്നുപോയ് ഞാൻ
ചിരിച്ചിലങ്കയണിയുമാ കരിവളക്കമ്പളം

എന്നും എനിക്കായ് പാടുവാൻ നീയൊരു കുയിലായി മാറിയതും,
വേനൽച്ചൂടിലെനിക്കു തണലേകാൻ ഒരു കാർമേഘമായി പടർന്നതും,
പുലരിയിലെന്നെ തഴുകിയുറക്കമുണർത്തുമാ കുളിർതെന്നലായതും,
പിന്നെ രാവിൽ സൌരഭ്യമേറുമാ പാലപ്പൂവായി വിരിഞ്ഞതും,

അറിഞ്ഞില്ല ഞാൻ പ്രിയേ നിൻ ഹൃദയത്തിലെനിക്കായ്
നീ, നിറച്ചു വച്ചൊരാ സ്നേഹാമൃതത്തിൻ സാന്നിദ്ധ്യം
വിതുമ്പിടുന്നു ഞാനിന്നു നിൻ വിയോഗത്തിൽ
എൻ ആത്മാവു പിടയുന്നു എൻ നഷ്ടനൊമ്പരത്താൽ,

മാപ്പു നൽകൂ, നീ പ്രിയേ......
അതിമോഹമെന്നൊരാ തിമിരം മറച്ചൊരെൻ കാഴ്ചകൾക്ക്,
ഊർന്നു പോകിലും നിന്നെ തടയാത്തൊരെൻ നീചകരങ്ങൾക്ക്,
ധനമോഹം കല്ലായി മാറ്റിയൊരെൻ കുഞ്ഞു ഹൃദയത്തിനു,പിന്നെ ,
ഇന്ന് നിന്നിലലിയാൻ വെമ്പിടുമെൻ ആത്മാവിനു………

2009, ജൂലൈ 17, വെള്ളിയാഴ്‌ച

അന്വേഷണം


തിരയുന്നതെന്തിനെ നീ………..
നിശബ്ദമാം ഈ നീല നിശീഥിനിയിൽ
എങ്ങോ പൊഴിയാൻ മറന്നു നിൽക്കും
വെൺനിലാവിൻ നൈർമ്മല്യമോ? , അതോ,
നിന്നെ തഴുകിയുറക്കുമാ കുളിർതെന്നലി൯ സാമീപ്യമോ?

എവിടെ ഇന്നെൻ പ്രിയ തൊഴിയാം രാപ്പാടി
എന്തേ മറന്നുവോ സഖീ, ആ ഗാനാമൃതത്തിൻ പാലാഴി
കാണാതെയെങ്ങോ മറഞ്ഞു നിൽപ്പതെന്തേ മിന്നാമിനുങ്ങുകൾ
എന്തേ നിശബ്ദമായ് തളർന്നിരിപ്പൂ ചീവീടുകൾ

കടം പറഞ്ഞൊഴിഞ്ഞു പോയൊരു നറു വസന്തമോ,
പ്രകൃതിതൻ മാറിടം നഗ്നമാക്കിയ ചെറു ശിശിരമോ
അതോ, കാലത്തിൻ കൈപ്പിഴപോൽ രൌദ്രമാം വർഷമോ
പറയൂ പ്രിയേ, നിതാന്തമായ് നീ തിരയുന്നതെന്തിനെ…….

കൊഴിഞ്ഞു വീഴുമീ നിശ തൻ അന്ത്യയാമങ്ങളിൽ
വിടചൊല്ലി, വിരഹാർദ്രയായൊഴിഞ്ഞു പോകുമീ രാവിൽ
നിനക്കൊപ്പം കണ്ണിമയ്ക്കാതെ കാത്തിരിക്കാം ഞാനും
പ്രതീക്ഷ തൻ പൊൻപ്രഭ ചൊരിയുമൊരു പുതു സൂര്യോദയത്തിനായ്…….
By Prajesh Gopal

2009, ജൂലൈ 14, ചൊവ്വാഴ്ച

സ്വപ്നം

ഇന്നും ഞാൻ കൊതിക്കുന്നു ഒരു കുഞ്ഞു പൂവായി വിരിഞ്ഞീടാൻ
………………..
ഒരു മുകുളമായി ജനിച്ചീടാൻ പിന്നെ
തളിർക്കാറ്റുമ്മ വയ്ക്കും ചെറു ദലങ്ങളായി വിരിഞ്ഞീടാൻ
വിശന്നു തേങ്ങിക്കരഞ്ഞു കൊണ്ടലയും ചെറുവണ്ടിൻ കാതിൽ
താരാട്ടു മൂളിടാൻ, ഒരു പ്രേമ ഗാനം പാടീടുവാൻ…

പിന്നെയെൻ അഭൌമ സൌന്ദര്യം കൊതിക്കുന്ന
കരിവണ്ടിനായി എൻ യൌവനം സമർപ്പിക്കുവാൻ
പിന്നെയെൻ പ്രേമത്തിൻ ഉന്മാദ മധു നുകർന്നു പറന്നകലും
പ്രിയനോടരുതേ എന്നൊതുവാൻ….

കുളിർകാറ്റു തഴുകിയുറക്കുമാ നീലനിലാവിൻ ശീതളയിൽ
പ്രഭ ചൊരിഞ്ഞു പുഞ്ചിരി തൂകുമാ പൊൻ‌ചന്ദ്രബിംബത്തെ
ഇടകണ്ണാൽ നോക്കി കുശലം പറയുവാൻ
പിന്നെ ശുഭരാത്രി നേർന്നു കൊണ്ടാരാവിൻ ശൈത്യം നുകരുവാൻ

ഒടുവിലീ ഭൂമിയിൽ, സ്നേഹധാരയൊഴുകും ആ അമ്മ തൻ
നിറഞ്ഞ മാറിലേക്കു വാടിവീണു തളർന്നു കിടക്കുവാൻ
പിന്നെ,……
ഇന്നും ഞാൻ കൊതിക്കുന്നു ഒരു കുഞ്ഞു പൂവായി വിരിഞ്ഞീ‍ടാൻ
ആ അമ്മിഞ്ഞപ്പാലിൻ നൈർമ്മല്യം വീണ്ടുമൊന്നു നുണഞ്ഞീടാൻ…

2009, മാർച്ച് 17, ചൊവ്വാഴ്ച

ഉണ്ണിയെ തേടി

ജനിച്ചിട്ട്,

ജനിക്കാതെ പോയൊരെൻ

പൊന്നോമനയെയോർത്തു

നെടുവീർപ്പിടുന്നു ഞാൻ.

ഈ നെടുവീർപ്പിനു

ദുഖത്തിൻ കരിനിഴൽ മാത്രം ബാക്കി;

പോയ്പ്പോയ രാവിൻ

ഓർമ്മ തൻ മൺകുടം

തുറന്നു ഞാൻ തിരയുന്നെൻ പുത്രനെ,

അതിലെന്റെ മിഴിനീർ മാത്രം ബാക്കി.

പണ്ട് ഞാൻ ചാലിച്ച

വർണ്ണങ്ങളിൽ തിരയുന്നു

എൻ പൊന്നോമന തൻ പുഞ്ചിരി,

അതിലെന്റെ തൂലികപ്പാടുകൾ മാത്രം ബാക്കി;

തലയില്ലാ പ്രേതങ്ങൾ

ഉറഞ്ഞുതുള്ളുമീ ഭൂമിയിൽ

തിരയുന്നു ഞാനെൻ പൊന്മകനെ,

എങ്ങു നിന്നോ

ഒരു നേർത്ത തേഎങ്ങൽ മാത്രം ബാക്കി;

ഉത്സവപ്പറമ്പുകളിൽ,

ഉച്ചവെയിലേറ്റുരുകുമീ

കടൽക്കരയിലും

തിരയുന്നെൻ പുത്രനെ,

അവിടെയെല്ലാം

മറഞ്ഞ കാൽ‌പ്പാടുകൾ മാത്രം ബാക്കി;


തിരയുന്നതൊക്കെയും

വ്യർത്ഥമെന്നറിയുമ്പോഴും

തിരയുന്നു പിന്നെയും ഞാൻ

മൌനിയായി............!

2009, മാർച്ച് 11, ബുധനാഴ്‌ച

ഒരു കൂട്ടുകാരന്‍


2009, മാർച്ച് 6, വെള്ളിയാഴ്‌ച

ഒരു ചെറിയ തുടക്കം.

എന്തൊക്കെയോ വായിക്കാം എന്ന് വിചാരിച്ചു കയറിയതാ അല്ലേ .... നിരാശപ്പെടേണ്ട ..................

എന്തൊക്കെയോ എഴുതാനുണ്ട് പക്ഷെ എഴുത്തും വായനയും അറിയാതെ എന്തോന്നു എഴുതാന്‍ . ഏതായാലും കുറച്ചൊക്കെ മനസ്സിലുണ്ട് അതില്‍ കുറച്ചൊക്കെ നിങ്ങളുമായി പങ്കുവയ്ക്കാം . കാത്തിരിക്കുക ........... അനുഗ്രഹിക്കുക ...........