2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച

ഓര്‍മ്മകളില്‍ ഒരു നിമിഷം

കാലത്തിന്റെ കുത്തൊഴുക്കിൽ‌പ്പെട്ടു പലവഴികളിൽ കൂടി ജീവിതലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രതിബന്ധങ്ങൾ തട്ടി മാറ്റി മുന്നോട്ടു കുതിക്കുമ്പോഴും , പിറന്നുവീണ നാടിനെക്കുറിച്ചോ ബാല്യകാല ചാപല്യങ്ങളെക്കുറിച്ചോ മറക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു നിമിഷം എല്ലാ ദുഃഖങ്ങളും മറന്നു വസന്തം പൂവിട്ടു നിന്ന ആ ബാല്യകാലത്തിലേക്കു ഞാനൊന്നു എത്തി നോക്കട്ടെ!

“തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴുകൈയാൽ വിരിയണ മലനാട്………..”

പുലർകാല മഞ്ഞിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ , പൂവിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികളിൽ ഒളിച്ചിരുന്നു പുഞ്ചിരി പൊഴിക്കുന്ന സൂര്യൻ , പൂക്കളിൽ തേൻ കുടിക്കാൻ തിരക്കു കൂട്ടുന്ന കൊച്ചു തുമ്പികൾ , അവയ്ക്കു പിന്നാ‍ലെ ഓടി നടക്കുന്ന ഞാനും രാധയും, ഹായ് എന്തു രസം..!!
അനിർവചനീയമായ ആ സുന്ദര നിമിഷങ്ങളിൽ മുങ്ങാംകുഴിയിട്ടു എല്ലാം മറന്നു വർണ്ണത്തുമ്പികളെപ്പോലെ പാറി നടക്കുന്ന ഞങ്ങൾ…………

“ഉണരുണരൂ ഉണ്ണിപ്പൂവേ…….”

എന്റെ ബാ‍ല്യകാല സഖിയായിരുന്നു രാധ. ഞങ്ങൾ കളിച്ചും ചിരിച്ചും തമാശകൾ പറഞ്ഞും അന്യോന്യം കുറുമ്പുകാട്ടിയും ആ നദിക്കരയിൽ കൂടി നടക്കുമായിരുന്നു. അന്നൊക്കെ ഞങ്ങൾക്കൊപ്പം കളിതമാശ പറഞ്ഞും കൊഞ്ചിക്കുഴഞ്ഞും കുസൃതിച്ചിരിയുമായി അവളും ഉണ്ടായിരുന്നു. എന്നും. വർഷകാലത്തു കലിതുള്ളി മറിഞ്ഞു കൈയെത്തുന്നതെന്തും തന്നോടൊപ്പം വാരിയെടുത്തും കൊണ്ടൊഴുകിയിരുന്ന അവളെ ഞങ്ങൾ കളിയാക്കി പാടുമായിരുന്നു…..

“പൂന്തേനരുവീ….. പൊന്മുടിപ്പുഴയുടെ അനുജത്തീ…
നമുക്കൊരേ പ്രായം, നമുക്കൊരേ മോഹം, നമുക്കൊരേ ദാഹം……”

അതു കേൾക്കുമ്പോൾ ഒരു കുസൃതിച്ചിരിയോടെ ഞങ്ങളെ തിരിഞ്ഞു നോക്കി, വീണ്ടും തന്റെ രൗദ്രതയുമായി അവൾ മദിച്ചൊഴുകുന്നതു കണ്ട് ഞങ്ങൾ കൈകൊട്ടിച്ചിരിക്കുമായിരുന്നു.
എത്ര വേഗത്തിലാണു കാലചക്രം തിരിയുന്നത്, ബാല്യം എങ്ങൊ പോയ് മറഞ്ഞു. സുന്ദര സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന കൗമാരപ്രായം. പഴയ പോലെ എന്റെ രാധയൊത്ത് കളിപറഞ്ഞും പിണങ്ങിയും കൈകോർത്തു നടക്കാനാവാതെ സമൂഹം തീർത്ത മതിൽക്കെട്ടുകൾ ചാടിക്കടക്കുവാൻ കഴിയാതെ നിസ്സഹായതയുടെ വീർപ്പുമുട്ടുനിറഞ്ഞ നാളുകൾ, ഞാൻ അറിയാതെ തന്നെ ഈ വീർപ്പുമുട്ടൽ എന്നിൽ അനുരാഗത്തിന്റെ വിത്തുകൾ പാകിയിരുന്നു. അവളെക്കുറിച്ചുള്ള ഒരോ ഒർമ്മയും എന്നിൽ ഉന്മാദത്തിന്റെ ഒരായിരം വർണ്ണങ്ങൽ വിരിയിച്ചിരുന്നു. നിദ്രാവിഹീനങ്ങളായ രാവുകളിൽ ആകാശത്തേക്കു കണ്ണും നട്ടു താരകറാണിമാരോട് എന്റെ പ്രിയയെപ്പറ്റി കുശലം പറഞ്ഞു നദിക്കരയിൽ കിടക്കുമ്പോൾ എങ്ങു നിന്നോ ഒരു സുന്ദര ഗാനത്തിന്റെ ഈരടികൾ എന്നെ തേടിവരുന്നതു പോലെ……..

“ഉണരൂ വേഗം നീ…. സുമറാണീ….. വന്നൂ നായകൻ
പ്രേമത്തിൻ മുരളീഗായകൻ………..”

സ്വപ്നങ്ങൾ വെറും ജലരേഖകൾ മാത്രമായിരുന്നു എന്നു വളരെ വൈകിയാണു മനസ്സിലായതു. അതെ അവസാനം അതു തന്നെ സംഭവിച്ചു !!! ഞാൻ എന്റേതു മാത്രമെന്നു കരുതിയിരുന്ന, എന്റെ കളിത്തോഴി രാധയെ പണവും പ്രതാപവും അങ്ങു തലസ്ഥാന നഗരിയിൽ ജോലിയുമുള്ള ഒരു യുവ കോമളൻ താലികെട്ടി കൊണ്ടുപോയി. രാധയുടെ വേർപാടു എന്റെ മനസ്സിനെ കുറച്ചൊന്നുമല്ല പിടിച്ചുലച്ചത്. ഊഷരമായ മനസ്സിനെ സ്വാന്തനിപ്പിക്കാനാവാതെ, ലക്ഷ്യബോധമില്ലാത്തവനെപ്പോലെ ഞാൻ അലഞ്ഞു തിരിഞ്ഞു. അപ്പോഴും എന്റെ മനസ്സു നിറയെ രാധയുടെ പുഞ്ചിരിക്കുന്ന മുഖം മാത്രമായിരുന്നു. വേദനകളൊരുപാടു നൽകിയാണവൾ പോയതെങ്കിലും… അവളെ ഒരു നോക്കു കാണാൻ കഴിഞ്ഞെങ്കിൽ, ഒന്നുരിയാടാൻ പറ്റിയെങ്കിൽ…!!!!!!

“ഒരിക്കൽ മാത്രം വിളികേൾക്കുമോ……..
ഒരിക്കൽ മാത്രം………. ഒരിക്കൽ…. മാ…ത്രം.........”

എന്റെ രാധയുടെ വേർപാട് തങ്ങാനാവാതെ തളർന്ന ഞാൻ ഒടുവിലൊരു ഒളിച്ചോട്ടത്തിനായി തിരഞ്ഞെടുത്തത് ഈ മണലാരണ്യമായിരുന്നു.
ഒടുവിൽ വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ എനിക്കു നാടും നാട്ടുകാരും എല്ലാം അന്യമായിത്തീർന്നിരുന്നു. പച്ചപ്പട്ടുടയാട ചാർത്തി ഇളംകാറ്റിൽ ഉന്മാദ നൃത്തം ചവിട്ടുന്ന വയലേലകളോ, കാക്കപ്പൂക്കൾ പരവതാനി വിരിച്ച നെൽ‌പ്പാടങ്ങളോ, പുന്നെല്ലിന്റെ മണമേറ്റു പുളകമണിയുന്ന പത്തായങ്ങളോ എവിറ്റേയും കാണാനില്ല. ബാക്കിയായതു വിജനമായ അമ്പലമുറ്റവും ആളൊഴിഞ്ഞ അരയാൽത്തറയും പൊട്ടിപ്പൊളിഞ്ഞ കുളക്കടവും ……..
എന്റെ രാധ, എന്റേതു മാത്രമായിത്തീർന്ന ആ പഴയ പുഴക്കരയിൽ നിൽക്കുമ്പോൾ എന്റെ മനസ്സിൽ പലതും മിന്നി മറഞ്ഞു. മനസ്സിലെ കണ്ണീരുറവ വറ്റിയ പോലെ, എന്റെ പ്രണയത്തിൻ മൂകസാക്ഷി, അവളിന്ന് വളരെ ക്ഷീണിച്ചിരിക്കുന്നു. ആ പുഴയോരത്തു മലർന്നു കിടന്നപ്പോൾ എന്റെ നഷ്ടപ്രണയത്തിലെ നായികയ്ക്ക് വേണ്ടി, എന്റെ രാധയ്ക്കു വേണ്ടി എന്റെ മനസ്സു വെമ്പുകയായിരുന്നു.

“കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി, കൂടെവിടെ….?”

എല്ലാം സഹിക്കാനും മറക്കാനുമുള്ള മനക്കരുത്തു തരണമേ എന്നു ആ‍ളൊഴിഞ്ഞ അമ്പലനടയിൽ നിന്ന് കൈ കൂപ്പി പ്രാ‍ർത്ഥിച്ചുകൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ അകലങ്ങളിൽ എങ്ങു നിന്നോ ഒരു ഏകാന്ത കാമുകന്റെ വിരഹാർത്തമായ ഗാനം കാറ്റിൽ അലിഞ്ഞില്ലാതാവുകയായിരുന്നു.

“സുമംഗലീ നീ ഓർമ്മിക്കുമോ....
സ്വപ്നത്തിലെങ്കിലും ഈ ഗാനം……….”

3 അഭിപ്രായങ്ങൾ:

  1. മുന്നേ പറഞ്ഞപോലെത്തന്നെ പഴയ ഒരു പോസ്റ്റ് അത്യാവശ്യം വേണ്ടുന്ന എഡിറ്റിങ്ങുകളൊക്കെ നടത്തി വീണ്ടും പ്രസിദ്ധീകരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. അവള്‍ മറ്റൊരാളുടേതായിക്കഴിഞ്ഞെങ്കില്‍ പിന്നെ ഇനി ഈ ഗാനം ഓര്‍ത്തിരിക്കാ‍തിരിക്കുകയല്ലേ നല്ലതു്?

    മറുപടിഇല്ലാതാക്കൂ
  3. ഹായ് ...വളെരെ മനോഹരം.....എനിക്കും കിട്ടണം പണം...

    കുത്തു.കോമ, muthalib@live.com
    Welcome to my site കുഞ്ഞിമംഗലം കൊവ്വപ്പുറം

    മുത്തലിബ്‌ പി കുഞ്ഞിമംഗലം കൊവപ്പുറം
    ഒന്നെത്തിനോക്കാമൊ
    http://kowappuram.blogspot.com
    http://payyannurkunhimangalam.blogspot.com
    http://kowappuram.multiply.com
    http://payyannurkowappuram.blogspot.com
    http://payyannur.blogspot.com
    http://payyannur.4t.com
    http://kunhimangalam.wetpaint.com
    http://KOWAPPURAMKUNHIMANGALAM.ebloggy.com

    മറുപടിഇല്ലാതാക്കൂ