2009, ജൂലൈ 14, ചൊവ്വാഴ്ച

സ്വപ്നം

ഇന്നും ഞാൻ കൊതിക്കുന്നു ഒരു കുഞ്ഞു പൂവായി വിരിഞ്ഞീടാൻ
………………..
ഒരു മുകുളമായി ജനിച്ചീടാൻ പിന്നെ
തളിർക്കാറ്റുമ്മ വയ്ക്കും ചെറു ദലങ്ങളായി വിരിഞ്ഞീടാൻ
വിശന്നു തേങ്ങിക്കരഞ്ഞു കൊണ്ടലയും ചെറുവണ്ടിൻ കാതിൽ
താരാട്ടു മൂളിടാൻ, ഒരു പ്രേമ ഗാനം പാടീടുവാൻ…

പിന്നെയെൻ അഭൌമ സൌന്ദര്യം കൊതിക്കുന്ന
കരിവണ്ടിനായി എൻ യൌവനം സമർപ്പിക്കുവാൻ
പിന്നെയെൻ പ്രേമത്തിൻ ഉന്മാദ മധു നുകർന്നു പറന്നകലും
പ്രിയനോടരുതേ എന്നൊതുവാൻ….

കുളിർകാറ്റു തഴുകിയുറക്കുമാ നീലനിലാവിൻ ശീതളയിൽ
പ്രഭ ചൊരിഞ്ഞു പുഞ്ചിരി തൂകുമാ പൊൻ‌ചന്ദ്രബിംബത്തെ
ഇടകണ്ണാൽ നോക്കി കുശലം പറയുവാൻ
പിന്നെ ശുഭരാത്രി നേർന്നു കൊണ്ടാരാവിൻ ശൈത്യം നുകരുവാൻ

ഒടുവിലീ ഭൂമിയിൽ, സ്നേഹധാരയൊഴുകും ആ അമ്മ തൻ
നിറഞ്ഞ മാറിലേക്കു വാടിവീണു തളർന്നു കിടക്കുവാൻ
പിന്നെ,……
ഇന്നും ഞാൻ കൊതിക്കുന്നു ഒരു കുഞ്ഞു പൂവായി വിരിഞ്ഞീ‍ടാൻ
ആ അമ്മിഞ്ഞപ്പാലിൻ നൈർമ്മല്യം വീണ്ടുമൊന്നു നുണഞ്ഞീടാൻ…

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ