2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

തനിയെ ജനിച്ച് തനിയെ വളർന്ന്
അരുവിതൻ ഗമനം പോലെ എവിടെയൊക്കെയോ
തട്ടിയും തടഞ്ഞും ചിന്നിച്ചിതറിയും ഒടുവിലാ
പ്രപഞ്ച ശക്തിയിലേക്കൊടുങ്ങുന്നു ജീവിതം

എവിടെയോ ജനിച്ച് എവിടെയോ വളർന്ന്
എന്തിനൊക്കെയോ വേണ്ടി വാശിപിടിച്ചും
വഴക്കടിച്ചും യുദ്ധം ചെയ്തും എന്തൊക്കെയോ 
നേടിയെന്ന മിഥ്യാധാരണയിൽ പൊട്ടിച്ചിരിച്ചും
മായയാം വിജയങ്ങളിൽ അട്ടഹസിച്ച്
മദോന്മത്തനായി പിന്നെ എപ്പൊഴൊക്കെയോ
എന്തൊക്കെയോ നഷ്ടമായെന്ന് ആർത്തലച്ചും
വിതുമ്പിയും കണ്ണീരണിഞ്ഞും അർഥമറിയാതെ
പിടഞ്ഞൊടുങ്ങുന്ന ജീവിതത്തിനൊടുവിൽ
എപ്പൊഴൊക്കെയോ നാം പ്രതീക്ഷിക്കുന്നുവോ

ഇനിയൊരു ശിശിരകാല പ്രഭാതത്തിൽ
പുഴുവായ് ജനിക്കുമെന്നും പിന്നെയാ
വസന്തത്തിൽ ഒരു ശലഭമായി പാറിപ്പറന്നും
മധു നുകർന്നും ഉന്മാദിച്ചും പിന്നെയെപ്പൊഴോ
പ്രാണൻ വെടിഞ്ഞ് ചിതലരിച്ചീ ഭൂമിയിൽ
അലിഞ്ഞു ചെരുവാൻ ഒരു ജന്മം കൂടി ബാക്കിയുണ്ടാകുമെന്ന്...!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ