2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

#ഏകനായ് 
------------------
കൗമാരപ്രതീക്ഷകൾ നിറം ചാർത്തിയ
കലാലയമാം ആരാമത്തിൽ
എന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്തി
പറന്നു എന്നിൽ നീ വന്നു ഒരു ചെറു ശലഭമായി

തേൻ നുകർന്നും, തഴുകിത്തലോടിയും,നീ 
എന്റെ മനസ്സിന്റെ കടിഞ്ഞാൺ ഒതുക്കി വച്ചു
നിന്റെ വശ്യ സുന്ദരമാം വാക്കുകൾ തെളിച്ചൊരാ
വഴിയിൽ പിൻ തള്ളി ഞാനെൻ സുഹൃത്തുക്കളാം ദീപനാളങ്ങളെ

നിന്റെ ചിരിയിൽ മയങ്ങി, ഓർമ്മകൾ മരവിച്ചും
എന്റെ കാഴ്ചയും കേൾവിയും നീ മാത്രമായതും
എന്റെ ചീറകിന്നടിയിൽ നീ തണൽ തേടിയണഞ്ഞതും
എന്നിൽ നീ നിന്റെ പ്രാണൻ സമർപ്പിച്ചതും
ഒടുവിലെല്ലാം മറന്നു നീ ഓട്ടോഗ്രാഫിൻ താളുകളിൽ
കവിതയൊഴുകും സാരോപദേശമായി
കുറിച്ചിട്ട വരികളിൽ യാത്രാമൊഴി ചൊല്ലി
നീ നടന്നു മറഞ്ഞതും നോക്കി ഞാൻ നിന്നു

നിർവികാരനായി, നിശബ്ദനായി, നിന്നു ഞാൻ
സൗഹൃദങ്ങളും ബന്ധങ്ങളും ഇല്ലാതെ
ഈ വീഥിയിൽ, നഷ്ട പ്രണയത്തിന്റെ രക്തസാക്ഷിയായ്
ഏകനായ്...
---------------------

ഞാൻ നിന്നെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു....
അതിപ്പോ നിന്നോടാണോ അതോ നിന്നിലെ 
എന്നോട് തന്നെയാണൊ എന്റെ ഈ പ്രണയം
എന്നു എനിക്കു തിരിച്ചറിയാൻ കഴിയുന്നില്ല.

നിന്റെ മനസ്സിന്റെ നിഷ്കളങ്കതയിൽ ആത്മാർഥയുടെ
തീയിൽ നീ നിന്നെഉരുക്കി വാർത്ത പുണ്യമായ 
നിന്റെ പ്രണയത്തെ എന്റെ സ്വപ്നങ്ങളുടെ വർണ്ണങ്ങൾ 
ചാലിച്ച് ഞാൻ കളങ്കപ്പെടുത്തുകയല്ലേ പ്രിയേ...

ചിരിക്കുന്ന മുഖത്തിനു പിറകിൽ ഒരായിരം വേദനിപ്പിക്കുന്ന
ഓർമ്മകൾ എന്റെ ഹൃദയത്തെ കീറിമുറിക്കുമ്പോഴും
സത്യങ്ങളെല്ലാം അറിഞ്ഞും എന്നെ ഞാനായല്ലാതെ
നീന്റേതായി സ്നേഹിക്കും നിന്റെ നിഷ്കളങ്കത എന്നെ
വല്ലാതെ വീർപ്പുമുട്ടിക്കുന്നു... കുറ്റബോധത്തിന്റെ
മുൾപ്പടർപ്പുകളിൽ ഇന്നും എന്റെ ഹൃദയം തേങ്ങുന്നു...
#ഉന്മത്തമായ ചിന്തകൾ

പറയുവാൻ ഏറെയുണ്ടെങ്കിലും വാക്കുകൾ 
പലതും മറന്നു പോയിരിക്കുന്നു
എഴുതി തീർത്ത താളുകളിലെ അക്ഷരക്കൂട്ടുകൾ
ചായക്കൂട്ടു മാഞ്ഞ് അവ്യക്തമായിരിക്കുന്നു...

ഇരുട്ടിന്റെ പുതപ്പിനടിയിൽ തലപുറത്തേക്കിട്ട്
ദംഷ്ട്രങ്ങൾ ഉന്തി നാക്കു നീട്ടി ഭയപ്പെടുത്തുന്ന 
എന്റെ ഓർമ്മകളുടെ നിഴൽ രൂപങ്ങളെ
നിങ്ങൾ എന്റെ രാത്രികളെ ചൂഴ്ന്നെടുത്തു

എന്നിലെ എന്നിൽ പൂത്ത് തളിർത്തൊരാ
എന്റെ ബാല്യവും കൗമാരവും പിന്നെ
ഇന്നലെകളിൽ ഞാൻ നടന്നു തീർത്ത
വീഥികൾ ഇന്ന് വിജനമായി മാറിയിരിക്കുന്നു...

ഇനിയുമെന്നിൽ ഓർമ്മകൾ ചിതലരിക്കാതിരിക്കുന്ന
നാളുകളിൽ എന്റെ ഹൃദയം തേങ്ങികൊണ്ടിരിക്കും
മാഞ്ഞു പോയ അക്ഷരങ്ങളെ വായിച്ചെടുക്കാൻ
കഴിയാതെ ഒരു നെടുവീർപ്പുമായി....
തനിയെ ജനിച്ച് തനിയെ വളർന്ന്
അരുവിതൻ ഗമനം പോലെ എവിടെയൊക്കെയോ
തട്ടിയും തടഞ്ഞും ചിന്നിച്ചിതറിയും ഒടുവിലാ
പ്രപഞ്ച ശക്തിയിലേക്കൊടുങ്ങുന്നു ജീവിതം

എവിടെയോ ജനിച്ച് എവിടെയോ വളർന്ന്
എന്തിനൊക്കെയോ വേണ്ടി വാശിപിടിച്ചും
വഴക്കടിച്ചും യുദ്ധം ചെയ്തും എന്തൊക്കെയോ 
നേടിയെന്ന മിഥ്യാധാരണയിൽ പൊട്ടിച്ചിരിച്ചും
മായയാം വിജയങ്ങളിൽ അട്ടഹസിച്ച്
മദോന്മത്തനായി പിന്നെ എപ്പൊഴൊക്കെയോ
എന്തൊക്കെയോ നഷ്ടമായെന്ന് ആർത്തലച്ചും
വിതുമ്പിയും കണ്ണീരണിഞ്ഞും അർഥമറിയാതെ
പിടഞ്ഞൊടുങ്ങുന്ന ജീവിതത്തിനൊടുവിൽ
എപ്പൊഴൊക്കെയോ നാം പ്രതീക്ഷിക്കുന്നുവോ

ഇനിയൊരു ശിശിരകാല പ്രഭാതത്തിൽ
പുഴുവായ് ജനിക്കുമെന്നും പിന്നെയാ
വസന്തത്തിൽ ഒരു ശലഭമായി പാറിപ്പറന്നും
മധു നുകർന്നും ഉന്മാദിച്ചും പിന്നെയെപ്പൊഴോ
പ്രാണൻ വെടിഞ്ഞ് ചിതലരിച്ചീ ഭൂമിയിൽ
അലിഞ്ഞു ചെരുവാൻ ഒരു ജന്മം കൂടി ബാക്കിയുണ്ടാകുമെന്ന്...!!!