ജനിച്ചിട്ട്,
ജനിക്കാതെ പോയൊരെൻ
പൊന്നോമനയെയോർത്തു
നെടുവീർപ്പിടുന്നു ഞാൻ.
ഈ നെടുവീർപ്പിനു
ദുഖത്തിൻ കരിനിഴൽ മാത്രം ബാക്കി;
പോയ്പ്പോയ രാവിൻ
ഓർമ്മ തൻ മൺകുടം
തുറന്നു ഞാൻ തിരയുന്നെൻ പുത്രനെ,
അതിലെന്റെ മിഴിനീർ മാത്രം ബാക്കി.
പണ്ട് ഞാൻ ചാലിച്ച
വർണ്ണങ്ങളിൽ തിരയുന്നു
എൻ പൊന്നോമന തൻ പുഞ്ചിരി,
അതിലെന്റെ തൂലികപ്പാടുകൾ മാത്രം ബാക്കി;
തലയില്ലാ പ്രേതങ്ങൾ
ഉറഞ്ഞുതുള്ളുമീ ഭൂമിയിൽ
തിരയുന്നു ഞാനെൻ പൊന്മകനെ,
എങ്ങു നിന്നോ
ഒരു നേർത്ത തേഎങ്ങൽ മാത്രം ബാക്കി;
ഉത്സവപ്പറമ്പുകളിൽ,
ഉച്ചവെയിലേറ്റുരുകുമീ
കടൽക്കരയിലും
തിരയുന്നെൻ പുത്രനെ,
അവിടെയെല്ലാം
മറഞ്ഞ കാൽപ്പാടുകൾ മാത്രം ബാക്കി;
തിരയുന്നതൊക്കെയും
വ്യർത്ഥമെന്നറിയുമ്പോഴും
തിരയുന്നു പിന്നെയും ഞാൻ
മൌനിയായി............!